ന്യൂഡൽഹി: രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കാൻ യു.പി.എ കാലത്ത് സാധിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര ജനാധിപത്യ ഭരണത്തിന് മാത്രമേ ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ പാർട്ടികളിലുമുള്ള അഴിമതിക്കാരായ നേതാക്കൾ ഇന്ന് ബി.ജെ.പിയിൽ ചേരുന്നു. ഇ.ഡിയെയും മറ്റും ദുരുപയോഗിച്ച് മറ്റു പാർട്ടികളിൽ നിന്നും ആളുകളെ മെരുക്കി സ്വന്തം പാളയത്തിൽ എത്തിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണ്. സുപ്രീംകോടതി ചിലപ്പോഴെങ്കിലും നമ്മളെ അമ്പരപ്പിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം.സി. സി ഡൽഹി ഘടകം സംഘടിപ്പിച്ച ഇ. അഹ്മദ് അനുസ്മരണ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു യെച്ചൂരി.