കണ്ണൂർ: ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന് പ്രോജ്വല നേതൃത്വം നൽകാൻ അമരത്ത് വീണ്ടും സീതാറാം യെച്ചൂരി. ഞായറാഴ്ച സമാപിച്ച സിപിഐ എം 23 -ാം പാർടി കോൺഗ്രസ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു.
വിശാഖപട്ടണത്ത് 2015ൽ നടന്ന 21 -ാം പാർടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. ഹൈദരാബാദിൽ 2018ൽ ചേർന്ന പാർടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാമൂഴം. യെച്ചൂരിക്കുപുറമെ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണൻ, തപൻസെൻ, നീലോൽപൽ ബസു, എ വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവരാണ് മറ്റു പിബി അംഗങ്ങൾ. വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവർ പുതുതായി പിബിയിലെത്തി. എസ് രാമചന്ദ്രൻപിള്ള, ബിമൻബോസ്, ഹന്നൻമൊള്ള എന്നിവർ ഒഴിവായി.
കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങൾ. ഇതിൽ കേരളത്തിൽനിന്നുള്ള നാലുപേർ. പുതുതായി മൂന്ന് വനിതകളെ ഉൾപ്പെടുത്തി. രണ്ടുപേർ കേരളത്തിൽനിന്നും ഒരാൾ ബംഗാളിൽനിന്നും. ആകെ 15 വനിതകളാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തിൽനിന്നുള്ള പുതിയ അംഗങ്ങൾ. കേരളത്തിൽനിന്ന് എസ് രാമചന്ദ്രൻപിള്ളയ്ക്കുപുറമെ വൈക്കം വിശ്വൻ, പി കരുണാകരൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായി. കേന്ദ്ര കമ്മിറ്റിയിൽ ഒരു സീറ്റ് ഒഴിച്ചിട്ടു. എം സി ജോസഫൈന്റെ നിര്യാണത്തിൽ പാർടി കോൺഗ്രസ് അനുശോചിച്ചു.