ദില്ലി: അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്കെതിരായ നടപടിയിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താൻ ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിർബന്ധമല്ലെന്നു കോടതി ഉത്തരവിട്ടു. ഇനിമുതല് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
അഴിമതി കേസിലുൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ ഏജൻസികളുടെ നടപടികളിൽ നിർണായക സ്വാധീനം ചെലുത്താവുന്നതാണ് സുപ്രീം കോടതി ഭരണഘടാ ബെഞ്ചിന്റെ വിധി. വ്യക്തികള്‍ മരിച്ചു പോയതിനാലോ പരാതിക്കാരൻ്റെ അഭാവത്തിലോ നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലോ മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താമെന്നാണ് സുപ്രീംകോടതി കോടതി വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥർ ആവശ്യപ്പെടാതെ തന്നെ കൈക്കൂലി വാഗ്ദാനം ചെയ്യുകയും പിന്നീട് അത് സ്വീകരിക്കുകയും ചെയ്യുന്നത് അഴിമതി വിരുദ്ധ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ശിക്ഷാര്‍ഹമാണ്. അതുകൊണ്ടുതന്നെ അഴിമതി കേസുകളില്‍ കൈക്കൂലി ചോദിച്ചു വാങ്ങിയില്ല എന്നത് ഒരു ഒഴിവുകഴിവായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൈക്കൂലി നല്‍കിയ ആളുടെ വാഗ്ദാനവും ഇത് സ്വീകരിക്കുന്നതും പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ട്.
നേരിട്ടുള്ള തെളിവ് സാഹചര്യ തെളിവ് മതിയെന്നും കോടതി വിശദീകരിച്ചു. അഴിമതി സർക്കാർ സംവിധാനത്തെ കാർന്ന് തിന്നുന്ന ഒന്നാണെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പോലും ആത്മവീര്യം കെടുത്തുന്നതാണെന്ന നേരത്തെയുള്ള കോടതി വിധി സുപ്രീം കോടതി ഉത്തരവില് ഉദ്ധരിച്ചു. വലിയ അഴിമതികൾ രാഷ്ട്ര വളർച്ചയെ പിന്നോട്ടടിക്കുകയാണെന്നും എല്ലാവരും ഇതിന്റെ ഫലം അനുഭവിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കൈക്കൂലി കേസുകളില്‍ നേരിട്ടുള്ള പ്രാഥമിക തെളിവുകള്‍ അനിവാര്യമാണോ എന്നത് സംബന്ധിച്ച കേസ് 2019ലാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് മൂന്നംഗ വിശാല ബെഞ്ചിന് വിടുന്നത്. വിഷയം പരിശോധിച്ച മൂന്നംഗ ബെഞ്ച് ഇത് പിന്നീട് ഭരണഘടന ബെഞ്ചിന് കൈമാറുകയായിരുന്നു. ജസ്റ്റീസുമാരായ അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.