ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ വിമർശനം. ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമകളെ മായ്ക്കുന്നതോടൊപ്പം ഗാന്ധി-നെഹ്റു വംശപരമ്പരയെ തന്നെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്നും ശിവസേന കുറ്റപ്പെടുത്തി.
കള്ളപ്പണകേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള എഡിറ്റോറിയലിലാണ് ശിവസേനയുടെ വിമർശനം. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിലൂടെ ആരുടെ കോളറിൽ വേണമെങ്കിലും പിടിക്കുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും സാമ്ന എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
ഇന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും, നാളെ അത് ആരുമാവാം. ഗ്യാസ്ചേംബറുകളുടെ നിർമ്മാണം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും ശിവസേന എഡിറ്റോറിയലിൽ പറഞ്ഞു. ശിവസേന, രാഷ്രടീയ ജനതാ ദൾ, സമാജ്‍വാദി പാർട്ടി, ഝാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവരെല്ലാം ഇ.ഡി നിരീക്ഷണത്തിലാണ്. എന്നാൽ ഒരു ബി.ജെ.പി നേതാവിനെതിരെ പോലും ഇ.ഡി റെയ്ഡ് നടത്തുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.