തിരുവനന്തപുരം: കഴക്കൂട്ടം തുമ്പ കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറ് പ്രതികൾ പിടിയിൽ. ആറ്റിപ്ര സ്വദേശികളായ ശിവപ്രസാദ് (35), ഷാജി (55), കൃഷ്ണപ്രസാദ് (33), വിജേഷ് (34), അബ്ജി (42), രഞ്ജിത്ത് (36) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്. വിഴിഞ്ഞം മുക്കോല കരടിവിള പുത്തൻവീട്ടിൽ ഷാനുവിനാണ് (28) ആറംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. കുളത്തൂർ ചന്തയിലെ കരാറുകാരനായ ശിവപ്രസാദും സംഘവുമാണ് ഷാനുവിനെ അക്രമിച്ചത്.
പിക്കപ്പ് വാനിൽ വഴിയോര പഴക്കച്ചവടം നടത്തുന്നയാളാണ് ഷാനു. മാർക്കറ്റിനു പുറത്ത് റോഡരുകിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധം കാരണമാണ് മർദ്ദനം. നാട്ടുകാരുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. വെള്ളിയാഴ്ച ഉച്ചയോടെ കുളത്തൂർ ജംഗ്ഷനിൽ കച്ചവടം നടത്തുകയായിരുന്ന ഷാനുവിനെ ശിവപ്രസാദ് തെറിവിളിച്ച ശേഷം പിക്കപ്പ് വാനിന്റെ താക്കോൽ ഊരിയെടുത്ത് കൊണ്ടുപോയി. താക്കോൽ ചോദിച്ച ഷാനുവിനെ വീണ്ടും ചീത്ത വിളിക്കുകയായിരുന്നു. തുടർന്ന് കച്ചവടം ചെയ്തു കൊണ്ടിരുന്ന ഷാനുവിനെ ശിവപ്രസാദിന്റെ നേതൃത്വത്തിൽ മടങ്ങി എത്തിയ ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു.
തളർന്ന് തറയിൽ വീണ ഷാനുവിനെ ഇവർ ചവിട്ടിക്കൂട്ടി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തലയ്ക്ക് ചുടുകല്ലുവച്ച് ഇടിച്ചു.നാട്ടുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അക്രമികൾ വഴങ്ങിയില്ല. പിന്നീട് കൂടുതൽ ആളുകൾ എത്തിയതോടെ അക്രമി സംഘം സ്ഥലം വിട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരവധി കേസുകളിൽ പ്രതിയാണ് ശിവപ്രസാദ്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.




















