പട്ന: പട്ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 20 ഓളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പട്ന സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. ഗോലാംബറിന് സമീപമുള്ള പാൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. മരിച്ചവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതര്‍ പറഞ്ഞു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. കൂടാതെ, പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഫയർ ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.