ബിഹാറിൽ നിന്നുള്ള ഒരാൾ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു. ഒടുവിൽ ഒരു അളിയൻ സത്യം കണ്ടുപിടിച്ചു. ജാമുയി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അളിയൻ മറ്റൊരു സ്ത്രീയോടൊപ്പം ഇയാളെ കണ്ടത്. ഏതായാലും പിന്നീട് പൊലീസ് സ്റ്റേഷനിൽ വച്ച് തന്റെ പേര് ചോട്ടു എന്നാണ് എന്നും നാല് സംസ്ഥാനങ്ങളിലായി തനിക്ക് ആറ് ഭാര്യമാർ ഉണ്ട് എന്നും ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.
ആദ്യഭാര്യയിൽ തനിക്കുള്ള നാല് കുട്ടികൾക്ക് പുറമെ ഒന്നര വർഷം മുമ്പ് ഉപേക്ഷിച്ചുപോയ സ്ത്രീയിലും തനിക്ക് രണ്ട് കുട്ടികളുണ്ട് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബർഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജവതാരി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ചോട്ടു കുമാർ. ഇയാളുടെ ഭാര്യമാരിലൊരാളാണ് മഞ്ജു. മഞ്ജുവിന്റെ സഹോദരൻ വികാസാണ് തിങ്കളാഴ്ച വൈകിട്ട് കൊൽക്കത്തയിലേക്ക് പോകാനായി ജാമുയി സ്റ്റേഷനിൽ നിൽക്കുമ്പോൾ മറ്റൊരു സ്ത്രീക്കൊപ്പം ചോട്ടുവിനെ കാണുന്നത്. ഉടനെ തന്നെ വികാസ് ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
2018 -ലാണ് ചോട്ടു മഞ്ജുവിനെ വിവാഹം ചെയ്യുന്നത് എന്നും ഇതിൽ രണ്ട് കുട്ടികളുണ്ട് എന്നും മഞ്ജുവിന്റെ അമ്മ കൊബിയ ദേവി പൊലീസിനോട് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് ചോട്ടു മഞ്ജുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത്. ചികിത്സ തേടി പോവുകയാണ് എന്നും പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ, പിന്നീട് തിരികെ വന്നില്ല. ഒന്നര വർഷമായി തന്റെ സഹോദരി കാത്തിരിക്കുകയായിരുന്നു. എന്നാൽ, മറ്റേ സ്ത്രീയാണ് തന്റെ ഭാര്യ എന്നാണ് അയാൾ പറഞ്ഞത് എന്ന് വികാസ് പറയുന്നു.
‘ചോട്ടു തങ്ങളെ ചതിക്കുകയായിരുന്നു. റാഞ്ചിയിലുള്ള കലാവതി എന്ന സ്ത്രീയെ അവൻ വിവാഹം കഴിച്ചിരുന്നു. അതിൽ നാല് കുട്ടികളും ഉണ്ട്’ എന്ന് കൊബിയ ദേവി പറഞ്ഞു. ചൈനവാരിയ, സുന്ദര്‌കണ്ട്, റാഞ്ചി, സംഗ്രാംപൂർ, ഡൽഹി, ദിയോഘർ എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ഏഴ് കുടുംബങ്ങളിലായി കുട്ടികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ജുവിന്റെ വീട്ടുകാർ മാത്രമാണ് നിലവിൽ ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ഒരു ഓർക്കസ്ട്രയിലെ ഗായകനാണ് ചോട്ടു. ഇയാൾ പാടാൻ പോകുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളുമായി പ്രണയത്തിലാവുകയായിരുന്നു എന്നും വിവാഹം കഴിക്കുകയായിരുന്നു എന്നും വികാസ് ആരോപിച്ചു.