തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിക്കുക,വിവരാവകാശ കമീഷന് റിപ്പോർട്ട് നല്കാതിരിക്കുക, കമീഷന്റെ ഷോക്കോസ് നോട്ടിസിന് യഥാസമയം വിശദീകരണം സമർപ്പിക്കാതിരിക്കുക, വിവരം ഫയലിൽ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ ജില്ലകളിലെ ആറ് ഓഫീസർമാർക്കായി 65000 രൂപ പിഴ ശിക്ഷ.ആനയറ ജി.അജിത്കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം കോർപ്പറഷനിലെ 2017 ജൂലൈയിലെ അസി. എഞ്ചിനീയർക്ക് 25,000 രൂപയും കണ്ണൂർ വെങ്ങൂട്ടായി രനീഷ് നാരായണന് മന:പൂർവം വിവരം നിഷേധിച്ച കുറ്റത്തിന് തിരുവനന്തപുരം കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ 2019 ഏപ്രിലിലെ ബോധന ഓഫീസർക്ക് 15,000 രൂപയും ആണ് പിഴ ശരക്ഷ.
എറണാകുളം വട്ടപ്പറമ്പ് ബി.പി. ഷാജുവിന്റെ അപേക്ഷയിൽ പത്തനംതിട്ട ജില്ല കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ 2017 ഒക്ടോബറിലെ ഹൗസ് ഓഫീസർക്ക് 10,000 രൂപയും കൊല്ലം കരിമ്പിൻപുഴ ഗോപകുമാറിന്റെ ഹരജിയിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ 2015 ആഗസ്റ്റിലെ സെക്രട്ടറിക്ക് 5,000 രൂപയും പിഴ അടക്കണം.കാസർകോട് ഉളിയത്തടുക്ക ഹുസൈനിന്റെ പരാതിഹർജിയിൽ 2017 കാലത്തെ കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലിന് 5,000 രൂപയും പത്തനംതിട്ട ചുട്ടിപ്പാറ പി.ശശിധരന്റെ കേസിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ 2017 ജനുവരിയിലെ ഇൻസ്‌പെക്ടർക്ക് 5,000 രൂപയും ആണ് പിഴ ശിക്ഷ. ഇവർ നിശ്ചിത സമയത്തിനകം പിഴ ഒടുക്കുന്നില്ലെങ്കിൽ വകുപ്പു മേധാവി ശമ്പളത്തിൽ നിന്ന് പിടിച്ച് അടക്കാനും അല്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്യാനും സംസ്ഥാന വിവരാവകാശ കമീഷണർ എ അബ്ദുൽ ഹക്കിം ഉത്തരവിട്ടു.