ഇടുക്കി : വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. കട്ടപ്പന അതിവേഗ കോടതിയിലാണ് വിചാരണ.അയൽവാസിയായ അർജുൻ ആണ് കേസിലെ പ്രതി . പത്തു സാക്ഷികൾക്കാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അഡ്വ. സുനിൽ മഹേശ്വരനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി സർക്കാർ നിയമിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിതൂക്കിയത്. പ്രതി അര്‍ജുനെ ഉടനെ പിടികൂടിയ പൊലീസ് ബലാത്സംഗം, കൊലപാതകം, പോക്സോ വകുപ്പുകൾ ചുമത്തി 45 ദിവസത്തിനകം തന്നെ കുറ്റപത്രം നൽകുകയും ചെയ്തു.
പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.
കേസിൽ പ്രതി അർജുന് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു . പ്രതി അർജുനും എസ് സി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ വകുപ്പ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ പ്രതിക്ക് എതിരെ എസ് സി എസ് ടി അട്രോസിറ്റി അക്ട് പൊലീസ് മനപ്പൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ച് കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചിത്. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് പ്രതിക്കും സഹോദരിക്കും റവന്യൂ വകുപ്പ് നൽകിയ ജാതി സർട്ടിഫിക്കറ്റ് പോലീസ് ഹൈക്കോടിതയിൽ സമർപ്പിച്ചിരുന്നു.