തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂ.