ചാലക്കുടി: മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും ചാലക്കുടിയിൽ കലാഭവൻ മണിയുടെ സ്മാരകം നിർമിക്കാനുള്ള നടപടി നീളുന്നു. എല്ലാ വർഷവും സംസ്ഥാന ബജറ്റിൽ ഇതിനായി തുക വകയിരുത്താറുണ്ട്. മൂന്നു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതിനാൽ പ്രാരംഭ നടപടി ആരംഭിച്ചിട്ടില്ല. ചാലക്കുടി നഗരസഭ പുതുതായി നിർമിച്ച പാർക്കിന് മണിയുടെ പേര് നൽകിയിട്ടുണ്ടെങ്കിലും മണിക്ക് സ്വന്തമായി ഒരു സ്മാരകം വേണമെന്ന ആവശ്യം ശക്തമാണ്.
ധാരാളം സന്ദർശകർ വരുന്ന മണിയുടെ പ്രിയപ്പെട്ട പാഡിയിൽ ഇതിനുവേണ്ടി സ്ഥലം കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കുടുംബം സ്ഥലം വിട്ടുകൊടുത്തില്ല. ഇതേതുടർന്ന് മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ പരിശ്രമഫലമായി ചാലക്കുടി നഗര ഹൃദയത്തിൽ ഇതിനായി ഭൂമി കണ്ടെത്തിയിരുന്നു. ദേശീയ പാതയോരത്ത് ചാലക്കുടി സബ് ട്രഷറിയുടെ എതിർവശത്ത് പഴയ ഹൈസ്കൂൾ ഗ്രൗണ്ടിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 20 സെന്‍റോളം സ്ഥലമാണ് കണ്ടെത്തിയത്.
കലാഭവൻ മണിയുടെ പേരിൽ ഒരു തിയറ്റർ സമുച്ചയവും ഫോക്ലോർ അക്കാദമി ഉപകേന്ദ്രവുമാണ് മണി സ്മാരകമായി ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ഏതാനും മാസങ്ങൾക്കു മുമ്പ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിക്കുകയും നല്ല രീതിയിലുള്ള സ്മാരകം നിർമിക്കാൻ ഇതോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന 15 സെന്‍റ് സ്ഥലംകൂടി നൽകണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നഗരസഭ ഇതിനോട് യോജിച്ചില്ല. അതോടെ സ്മാരക നിർമാണ പദ്ധതി താൽക്കാലികമായി നിലക്കുകയായിരുന്നു.
സ്മാരകത്തിന് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പോ, ഫോക്ലോർ അക്കാദമിയോ രേഖാമൂലം അപേക്ഷ നൽകാത്തതിനാലാണ് സ്ഥലം നൽകാത്തതെന്ന് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു.അതേ സമയം നഗരസഭ പ്രമേയം പാസാക്കി സ്ഥലം വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുണ്ട്. ഇതിനായി കലാഭവൻ മണി സ്മാരക ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏതാനും രാഷ്ട്രീയക്കാർ കടന്നുകയറി പ്രവർത്തനങ്ങൾ നടക്കാത്ത നിലയിലാണ്. മണിയുടെ സഹോദരൻ എന്ന നിലയിൽ തനിക്കും ചാലക്കുടിയിലെ മറ്റു പല കലാകാരന്മാർക്കും ട്രസ്റ്റിൽ അംഗത്വം നൽകിയിട്ടില്ലെന്ന് സഹോദരനായ ആർ.എൽ.വി. രാമകൃഷ്ണനും പറയുന്നു.