ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആരോഗ്യമുള്ള ചർമ്മത്തിനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും പാടുകൾ ഇല്ലാതാക്കാനുമൊക്കെ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ പരിചയപ്പെടാം. പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞൾ. പ്രകൃതിദത്ത ആന്റി സെപ്റ്റിക് കൂടിയാണ് മഞ്ഞൾ. മുഖത്ത് മഞ്ഞളും പാലും ചേർത്തുള്ള പാക്ക് ഫേസ് പാക്ക് ഇടുന്നത് ചർമ്മം കൂടുതൽ സുന്ദരമാകാൻ സഹായിക്കും.
വിറ്റാമിൻ ഇ ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ഇലാസ്തികതയും നൽകുന്നു. വാഴപ്പഴം അല്ലെങ്കിൽ ഓട്‌സ് എന്നിവ ബദാമുമായി ചേർത്ത് ഫേസ് പാക്കായി ഇടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. ഓട്‌സ് ചർമ്മത്തിന് ഏറെ ഉത്തമമാണ് എന്ന് അറിഞ്ഞുകൊള്ളുക. ചർമ്മത്തെ സുഖപ്പെടുത്തുന്ന സ്വഭാവസവിശേഷതകൾക്കായി തയ്യാറാക്കുന്ന ഏതൊരു മാസ്‌കിനും ഒരു പ്രധാന ചേരുവയായിരിക്കും ഓട്സ്. ഓട്സ് പൊടിച്ച് ഫേസ് പാക്കായി ഇടുന്നത് മുഖകാന്തി വർദ്ധിപ്പിക്കും. മുഖത്ത് കറ്റാർ വാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ ജെൽ പതിവായി പുരട്ടുന്നത് മുഖക്കുരു,സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ പ്രശ്നങ്ങളെ അകറ്റും.
ചെറുപയർ പൊടി ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ഇത് ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു.