വഡോദര: കൈ റെയിൽവേ ജോലിക്കായുള്ള മത്സരപരീക്ഷയിൽ ജയിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച് തട്ടിപ്പിന് ശ്രമിച്ച യുവാവിന്റെ പദ്ധതി പാളി. ബയോമെട്രിക് പരിശോധനയിൽ പിടിക്കപ്പെടാതാരിക്കാനാണ് യുവാവ് സ്വന്തം കൈവിരലിലെ തൊലി അടർത്തിയെടുത്ത് സുഹൃത്തിന്റെ വിരലിൽ വെച്ചുപിടിപ്പിച്ചത്. മിടുക്കനായ കൂട്ടുകാരനെക്കൊണ്ട് പരീക്ഷയെഴുതിച്ച് ജോലി നേടാമെന്നായിരുന്നു യുവാവിന്റെ പദ്ധതി.
എന്നാൽ, അധികൃതരുടെ പരിശോധനയിൽ ഇരുവരും കുടുങ്ങി. മനീഷ് കുമാർ, രാജ്യഗുരു ഗുപ്തഎന്നിവരാണ് പരിശോധനയിൽ പിടിയിലായത്. മനീഷാണ് വിരലിലെ തൊലി നീക്കി കൂട്ടുകാരന്റെ വിരലിൽ പിടിപ്പിച്ചത്. തനിക്ക് പകരം മിടുക്കനായ രാജ്യഗുരു പരീക്ഷയെഴുതിയാൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു. ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടന്ന റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയാകാത്തതിനാൽ രാജ്യഗുരുവിനെ അധികൃതർ തടഞ്ഞു. രാജ്യഗുരുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ വിരൽ പരിശോധിച്ചപ്പോൾ തൊലി അടർന്നാ താഴെവീണു. ഇതുകണ്ട അധികൃതരും ഞെട്ടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രാജ്യഗുരു സംഭവം വിവരിച്ചു. സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് തട്ടിപ്പ് ചെയ്തതെന്നും ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേർപെടുത്തി അടർത്തിയെടുത്ത് തന്റെ വിരലിൽ പിടിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു.
ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തില്‍ തന്നേക്കാള്‍ മികവുപുലര്‍ത്തുന്ന സുഹൃത്ത് രാജ്യഗുരു ഗുപ്ത പരീക്ഷ എഴുതിയാൽ ജോലി ഉറപ്പാണെന്നും ഇയാൾ ധരിച്ചാണ് മനീഷ് കുമാർ സാഹസത്തിന് മുതിർന്നത്. എന്നാൽ ഇൻവിജിലേറ്ററുടെ അവസരോചിതമായ ഇടപെടലിൽ വലിയ തട്ടിപ്പ് അധികൃതർ കണ്ടെത്തുകയും ഉന്നത അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.