ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ എസ്.യു.വി മോഡലായ കോഡിയാക്കിന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റൈൽ, സ്പോർട്ട്ലൈൻ, ലോറിൻ ആൻഡ് ക്ലെമന്റ് എന്നീ മൂന്ന് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 34.99 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ടൊയോട്ട ഫോർച്യൂണർ, എം.ജി. ഗ്ലോസ്റ്റർ, മഹീന്ദ്ര അൾട്ടുറാസ് ജി4 എന്നീ വാഹനങ്ങളുമായാണ് കോഡിയാക്ക് മത്സരിക്കുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഔറംഗാബാദിലെ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ പ്ലാന്റിൽ അസംബിൾ ചെയ്താണ് ഈ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്കോഡയുടെ ഈ ഏഴ് സീറ്റർ എസ്.യു.വി. ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. 2020-ൽ ബി.എസ്.6 നിലവാരത്തിലുള്ള എൻജിനുകൾ ഇന്ത്യയിൽ നിർബന്ധമാക്കിയതോടെയാണ് സ്കോഡ കോഡിയാക്ക് എസ്.യു.വി. വിപണിയിൽ നിന്ന് പിൻവലിച്ചത്.
നിരത്തൊഴിഞ്ഞ മോഡലിന് സമാനമായ ഡിസൈനിലാണ് പുതിയ പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. സ്കോഡയുടെ സിഗ്നേച്ചർ സ്റ്റൈൽ ബട്ടർഫ്ളൈ ഗ്രില്ല് , ക്രിസ്റ്റൽലൈൻ എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ , പുതിയ ഫോഗ്ലാമ്പ് , 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീൽ എന്നിവ മുൻഭാഗത്തെ അലങ്കരിക്കുമ്പോൾ റാപ്പ് എറൗഡ് എൽ.ഇ.ഡി. ടെയ്ൽലാമ്പും പുതിയ ബമ്പറുമാണ് പുതിയ കോഡിയാക്കിന്റെ പിൻഭാഗത്തെ മനോഹരമാക്കുന്നത്.
അകത്തളത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഇൻബിൽറ്റ് നാവിഗേഷനും വയർലെസ് സ്മാർട്ട്ലിങ്ക് സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള വെർച്വൽ കോക്ക്പിറ്റ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, 12 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയാണ് അകത്തളകത്തിൽ ഒരുങ്ങിയിട്ടുള്ള ഫീച്ചറുകൾ. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയറിനെ അലങ്കരിച്ചിരിക്കുന്നത്.മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റമാണ് ഈ വാഹനത്തിലെ മറ്റൊരു പുതുമ. ബി.എസ്.4 മോഡലിൽ 2.0 ലിറ്റർ ഡീസൽ എൻജിനായിരുന്നെങ്കിൽ പുതിയ പതിപ്പിൽ ഇതിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ടി.എസ്.ഐ. പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഇത് 187 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയർബോക്സാണ് (ഡി.എസ്.ജി) ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.