പാലക്കാട്: രണ്ടിടങ്ങളിലായി വമ്പൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്. സംഭവത്തിൽ അൻഷാബ് (37), ആൻസി എബ്രഹാം (29) എന്നിവരെ അറസ്റ്റ് ചെയ്തു. ഏഴ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വടക്കഞ്ചേരിയിൽ നിന്നും 71 ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ പിടികൂടിയത്. മംഗലംഡാം സ്വദേശി പട്ടാളം അജി (22) ആണ് പൊലീസിന്റെ പിടിയിലായത്.
പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ഉള്ള മലാംഗ് ലോഡ്ജിൽ സ്ഥിരമായി റൂമെടുത്തായിരുന്നു ആൻസിയുടെയും അൻഷാബിന്റെയും കഞ്ചാവ് വിൽപ്പന. ബെംഗളൂരുവിൽ നിന്നും മറ്റും എംഡിഎംഎ പോലുള്ളമയക്കുമരുന്ന് എത്തിച്ച് ജില്ലയിൽ ആവശ്യക്കാരെ കണ്ടെത്തി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവര്‍. സൗത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലാംഗ് ലോഡ്ജിൽ പരിശോധന നടത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മണ്ണാര്‍ക്കാട് സ്വദേശിയാണ് അൻഷാബ്, ആൻസി വടകര ഒഞ്ചിയം സ്വദേശിനിയും. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആൻസി സ്ഥിരമായി ബെംഗളൂരുവിൽ നിന്നും മറ്റും വൻതോതിൽ മയക്കുമരുന്ന് പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും എത്തിച്ച് ഏജൻറ് വഴി ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം, വടക്കഞ്ചേരിയിൽ 71 ഗ്രാം എംഡിഎംഎയുമായാണ് മംഗലംഡാം സ്വദേശി 22കാരനായ അജിൽ അഥവാ പട്ടാളം അജി പിടിയിലായത്. പാലക്കാട് പൊലീസ് പിടികൂടുന്ന വലിയ ലഹരി കേസുകളിലൊന്നാണിത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി സ്ഥിരമായി എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കിഴക്കഞ്ചേരി, കടപ്പാറ, വടക്കഞ്ചേരി, മുടപ്പല്ലൂർ പ്രദേശത്തെ മുഖ്യ ലഹരി വില്പനക്കാരനാണെന്ന് പൊലീസ് പറയുന്നു. ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈഎസ്പി വിശ്വനാഥൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ബെന്നി, സബ്ബ് ഇൻസ്പെക്ടർ ജിഷ്മോൻ വർഗ്ഗീസ്, പാട്രിക് , എ.എസ്.ഐ. അനന്തൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃഷ്ണദാസ്, ബാബു, റിനു ,എന്നിവരുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പൊലീസും, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ലഹരിമരുന്നോടുകൂടി പ്രതിയേയും പിടികൂടിയത്.