റിയാദ് : സൗദി വടക്കൻ പ്രവിശ്യകളിലൊന്നായ ഖസീമിലെ ബുറൈദയിൽ പൊതു ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡ് സ്ഥാപിക്കും. ഖസീം മുനിസിപ്പാലിറ്റിക്ക് കീഴിലെ ഇൻവെസ്റ്റ്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷനാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 200 ടാക്സികളെ ലക്ഷ്യമിട്ടാണ് പരിഷ്കരണം. നഗര കാഴ്ച മനോഹരമാക്കുന്നതിനും ജനജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിത്. സ്മാർട്ട് സിറ്റി എന്ന ആശയം നടപ്പാക്കുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, പരസ്യബോർഡുകൾക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.