തിരുവനന്തപുരം∙ തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകൾ ‘സ്മാർട്ട് റോഡുകൾ’ ആക്കാനുള്ള പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടിസ് നൽകാൻ തീരുമാനം. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസയും തിരുവനന്തപുരം കോർപറേഷൻ മേയർ എസ്.ആര്യ രാജേന്ദ്രനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഫോർട്ട് വാർഡിലെ പത്മാനഗർ കോളനിയിലെ രണ്ട് റോഡുകളിലും താലൂക്ക് ഓഫിസ് റോഡിലെ അഗ്രഹാര തെരുവുകളിലെ നാല് റോഡുകളിലും അവസാനഘട്ട പ്രവർത്തികൾ നടടക്കുന്നു. ഇവ ഏപ്രിൽ 25ന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന 10 റോഡുകളുടെ പ്രവർത്തികൾ മേയ് അവസാനത്തോടുകൂടി പൂർത്തീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.