ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ വാണിജ്യ ഭവൻ ഉദ്ഘാടനം ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30-നാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ച വാണിജ്യഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേകതരം വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ പ്രത്യേകത. രണ്ട് വകുപ്പുകളുടെ സംയോജിത ഓഫീസ് സമുച്ചയമായി വാണിജ്യ ഭവൻ പ്രവർത്തിക്കും. വാണിജ്യ വകുപ്പ്, ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പ് എന്നിവയാണ് വാണിജ്യ ഭവനിൽ ഉൾക്കൊള്ളുന്നത്.
വാണിജ്യ ഭവനോടൊപ്പം പുതിയ പോർട്ടലായ നാഷണൽ ഇംപോർട്ട്-എക്സ്പോർട്ട് റെക്കോഡ് ഫോർ ഇയേർലി അനാലിസിസ് ഓഫ് ട്രേഡും (എൻഐആർവൈഎടി) പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമാക്കുന്ന ഏകജാലക പ്ലാറ്റ്ഫോം എന്ന നിലയിലാണ് പോർട്ടൽ ആരംഭിക്കുന്നത്.