റസ്റ്റാറന്റുകൾ, ഫുഡ് ട്രക്കുകൾ, തെരുവുകൾ എന്നിവിടങ്ങളിൽ പാചകം ചെയ്യുന്ന രുചികരമായ ഭക്ഷണത്തിന്റെ ഗന്ധം വായുവിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പഠനം. നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് പുതിയ പഠനത്തിന് പിന്നിൽ. ഗവേഷണത്തിന്റെ ഭാഗമായി വാഹനങ്ങളിലെ പുക, കാട്ടു തീ മൂലമുണ്ടാകുന്ന പുക, ഭക്ഷണമുണ്ടാക്കുമ്പോഴുണ്ടാകുന്ന പുക എന്നിവയെ കുറിച്ച് ഗവേഷകർ നിരന്തരം പഠനം നടത്തി. യു.എസിലെ മൂന്ന് നഗരങ്ങളാണ്( ലോസ് ആഞ്ജൽസ്, ലാസ് വെഗാസ്, കൊളറാഡോ) എന്നിവയാണ് സംഘം പഠന വിധേയമാക്കിയത്.
യു.എസിൽ ഏറ്റവും കൂടുതൽ ഭക്ഷണശാലകളുള്ളത് ലാസ് വെഗാസിലാണ്. അവിടെ വായുവിന് ഗുണനിലവാര പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ഗവേഷകർ കണ്ടെത്തി.നിലവിലെ എയർ ക്വാളിറ്റി മോഡലുകളിൽ അർബൻ വി.ഒ.സികളുടെ ഏറ്റവും വലിയ ഉറവിടം പാചകത്തിൽ നിന്നുള്ള പുക ആയിരിക്കാം. ഇത് വായു ഗുണനിലവാരത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.-എന്നാണ് പഠനത്തിൽ പറയുന്നത്. ദ്രവങ്ങളിൽ നിന്നും ഖരങ്ങളിൽ നിന്നും വാതകങ്ങളായി പുറത്തുവിടുകയും അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്സ്(വി.ഒ.സി). അർബൻ മേഖലകളിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണവും ഇതാണ്. നാം ദിവസേന ഉപയോഗിക്കുന്ന കോസ്മെറ്റിക്സ്, പെർഫ്യൂമുകൾ, പെയിന്റ്, വാർണിഷ്, വാക്സ്, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇതിന്റെ സാന്നിധ്യമുണ്ട്.