ആലുവ : 25 കോടിയുടെ സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങാന്‍ വിജയി വിമാനത്തില്‍ എത്തിയപ്പോള്‍ ടിക്കറ്റ് കാത്തുവെച്ച് കൈമാറി ഏജന്‍റ് സ്മിജ. ചെന്നൈ സ്വദേശിയാണ് വിമാനത്തില്‍ എത്തി ആലുവയില്‍ നിന്നും ടിക്കറ്റ് സ്വീകരിച്ചത്. ചെന്നൈ ത്യാഗരാജനഗര്‍ 22/14 ഭഗവന്തനം തെരുവിലെ പി. പത്മ സുബ്ബറാവുവാണ് തിങ്കളാഴ്ച ആലുവയിലെത്തി ബംപര്‍ ടിക്കറ്റ് കൈപ്പറ്റിയത്. ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്ന പത്മ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് സമ്മാനം ലഭിച്ച ടിക്കറ്റ് ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈപറ്റി.
കഴിഞ്ഞ വര്‍ഷം സമ്മര്‍ ബംപറില്‍ ആറുകോടിയുടെ ഒന്നാം സമ്മാനം സ്മിജ വിറ്റ ലോട്ടറിക്കായിരുന്നു. 2021 മാര്‍ച്ച് 21-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. പാലച്ചുവട് ചന്ദ്രന്‍ സ്മിജയോട് ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇത് ഒരു മടിയും കൂടെതെ സ്മിജ കൈമാറിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടിക്കറ്റിന്‍റെ കഥ. ആന്ധ്രപ്രദേശിലെ നെല്ലൂരാണ് പത്മയുടെ ജന്മദേശം. ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയില്‍ ബന്ധുക്കളുണ്ട്. തീര്‍ത്ഥാടകയായ പത്മ കേരളത്തില്‍ പതിവായി വരാറുണ്ട്. ഇത്തരത്തില്‍ വന്നപ്പോള്‍ പറഞ്ഞുവെച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.