മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ച ആൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ലണ്ടൻ മുംബൈ എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ചയാൾക്കെതിരെയാണ് കേസ്. അമേരിക്കൻ പൗരത്വമുള്ള രമാകാന്ത് (37) എന്നയാൾക്കെതിരെ സഹർ പോലീസാണ് കേസെടുത്തിട്ടുള്ളത്. വിമാനത്തിലെ ശുചിമുറിയിൽ വച്ചാണ് ഇയാൾ പുകവലിച്ചത്. ഇന്നലെയാണ് സംഭവം. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് 24കാരിയായ യുവതി അറസ്റ്റിലായിരുന്നു.
കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സിയാൽദാ സ്വദേശിയായ പ്രിയങ്ക ചക്രബൊർത്തിയാണ് അറസ്റ്റിലായത്. വിമാനം ബെംഗളൂരുവിൽ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പാണ് സംഭവം. പ്രിയങ്ക സിഗരറ്റ് വലിക്കുന്നതായി സംശയിച്ച ക്രൂ അംഗങ്ങൾ അവർ പുറത്തിറങ്ങിയ ശേഷം സിഗരറ്റിന്റെ കുറ്റി വേസ്റ്റ് ബിന്നിൽ കണ്ടെത്തി.
തുടർന്ന് പൈലറ്റിനോട് പരാതിപ്പെട്ടു. വിമാനം ലാൻഡ് ചെയ്ത ഉടനെ പ്രിയങ്കയെ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തിൽ സഹയാത്രികന്റെ മേൽ വിദ്യാർത്ഥി മൂത്രമൊഴിച്ച വാർത്തയും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക്-ദില്ലി അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനാണ് അടുത്തിരിക്കുന്നയാളുടെ മേൽ മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട വിമാനം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പാണ് സംഭവം.
ഈ വിദ്യാർത്ഥി മദ്യപിച്ചിരുന്നതായി എയർലൈൻസ് ജീവനക്കാർ പറയുന്നു. .ഉറക്കത്തിൽ വിദ്യാർത്ഥി മൂത്രമൊഴിക്കുകയായിരുന്നുവെന്നും, സഹയാത്രികന്റെ മേൽ വീഴുകയുമായിരുന്നു എന്നുമാണ് എയർലൈൻസ് ജീവനക്കാർ പറഞ്ഞത്. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് ഇയാൾ. വിദ്യാർത്ഥി ക്ഷമാപണം നടത്തിയതോടെ പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പരാതിക്കാരൻ പിൻമാറിയിരുന്നു.