ദില്ലി: എഎപി ഗുജറാത്ത് നേതാവ് ഗോപാൽ ഇറ്റാലിയക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മ ഹിരാ ബെന്നിനെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തി അപമാനിച്ചെന്നും ഗോപാൽ ഇറ്റാലിയയുടെ വായ അഴുക്കുചാലാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇറ്റാലിയ മോദിയെയും അമ്മയെയും അപമാനിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം. ഗുജറാത്തിൽ എഎപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും എഎപി നേതാവ് ഹിരാ ബാക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന് വീഡിയോയിൽ വ്യക്തമാണെന്നും സ്മൃതി ഇറാനി കുറിച്ചു.
‘അരവിന്ദ് കെജ്‌രിവാൾ, ഗോപാൽ ഇറ്റാലിയ അയാളുടെ അഴുക്കുചാൽ വായകൊണ്ട് ഹിരാ ബായിയെ നിങ്ങളുടെ പിന്തുണയോടെ അപമാനിക്കുന്നു. ഗുജറാത്ത് ജനത എത്രമാത്രം രോഷാകുലരാണെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിങ്ങൾ ഒന്നറിയുക. നിങ്ങളുടെ പാർട്ടി തെരഞ്ഞെടുപ്പിൽ തോൽക്കും. അതായിരിക്കും ജനം നിങ്ങൾക്ക് നൽകുന്ന നീതി’- സ്മൃതി ഇറാനി പറഞ്ഞു, എന്നാൽ വീഡിയോ എന്നാണ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല.
മാതാവ് ശക്തിയുടെ രൂപമാണ് ഹീരാ ബാ. ഗോപാൽ ഇറ്റാലിയ തന്റെ വിദ്വേഷ രാഷ്ട്രീയത്തിൽ നിന്ന് 100 വയസ്സുള്ള അവരെ ഒഴിവാക്കിയില്ല. ഗുജറാത്ത് പോലുള്ള പരിഷ്‌കൃത സമൂഹത്തിൽ ആം ആദ്മി പാർട്ടിക്കും അതിന്റെ വികലമായ മാനസികാവസ്ഥയ്ക്കും സ്ഥാനമില്ലെന്നും ഇറാനി പറഞ്ഞു.
വിവാദ പരാമര്‍ശം നടത്തിയതിന് ആംആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയതിന് അദ്ദേഹത്തിനെതിര കേസെടുത്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഹാജരായതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാദ വീഡിയോ 2019 തെരഞ്ഞെടുപ്പ് കാലത്തേതാണെന്നാണ് സൂചന. ഇറ്റാലിയ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.