ദുബൈ: ബാഗുകളുടെയും ബെല്‍റ്റുകളുടെയും കൊളുത്തുകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ദുബൈ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
2.3 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതായി കസ്റ്റംസ് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. ഏകദേശം 485,700 ദിര്‍ഹം വിപണി മൂല്യമുള്ള സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. ബാഗുകളുടെയും ബെല്‍റ്റുകളുടെയും കൊളുത്തുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 225,120 ദിര്‍ഹം വിലമതിക്കുന്ന 1.072 കിലോ സ്വര്‍ണവും 260,610 ദിര്‍ഹം വിലയുള്ള 1.241 കിലോ സ്വര്‍ണവുമാണ് രണ്ട് സംഭവങ്ങളിലായി കസ്റ്റംസ് പിടിച്ചെടുത്തത്.
കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്റെ ബാഗില്‍ സംശയം തോന്നിയത്. എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ബാഗിന്റെ ഭാരത്തില്‍ വ്യത്യാസം തോന്നി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ബാഗുകളുടെ കൊളുത്തുകള്‍ സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചതാണെന്നും ഇവ പിടിക്കപ്പെടാതിരിക്കാനായി നിറം പൂശിയിരിക്കുകയാണെന്നും കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണമാണ് രണ്ടാമത്തെ യാത്രക്കാരനിലേക്കും നീണ്ടത്.