മലപ്പുറം: കോഴിക്കോട് വിമാന ത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിച്ച യാത്രക്കാരനും ഇയാളിൽനിന്നു സ്വർണം തട്ടിക്കൊണ്ടുപോകാനെത്തിയ തട്ടിക്കൊണ്ടുപോകാനുള്ള ഏഴംഗ കവർച്ചസംഘവും പൊലീസ് പിടിയിൽ. മലപ്പുറം കൊടിഞ്ഞി സ്വദേശിയായ മുസ്തഫയാണു സ്വർണവുമായി പിടിയിലായത്. സ്വർണം കവർച്ച ചെയ്യാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിർ (32), നിഷാം (34), ടി.കെ.സത്താർ (42), എ.കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസർകോട് സ്വദേശികളായ എം. റഷീദ് (34), സി.എച്ച്.സാജിദ് (36) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായി രുന്നു പൊലീസ് നീക്കം. വിമാനത്താവള പരിസരത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസ്, കവർച്ചസംഘത്തിലെ റഷീദിനെയാണ് ആദ്യം പിടികൂടിയത്. പിന്നീട് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ മുസ്തഫയെയും പിടികൂടി. ഇയാളിൽനിന്ന് 67 ലക്ഷം രൂപ യുടെ 1.157 കിലോഗ്രാം സ്വർണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. റഷീദും മുസ്തഫയും പിടിയിലായതറിഞ്ഞു മറ്റുള്ളവർ കടന്നുകളഞ്ഞു. രണ്ടു സംഘമായി പിന്തുടർന്ന പൊലീസ് വയനാട് സ്വദേശികളെ വൈത്തിരിയിൽ നിന്നും കാസർകോട് സ്വദേശിയെ കാഞ്ഞങ്ങാട്ടുനിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
സ്വർണവുമായി എത്തുന്ന മുസ്തഫയുടെ വിവരം റഷീദിനു ചോർത്തിയവരെക്കുറിച്ചു വിവരം ലഭിച്ചതായി പൊലീസ്. അറിയിച്ചു. നിലവിൽ ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട്, കാഞ്ഞങ്ങാട് സ്വദേശികളാണ് മുസ്തഫയുടെ വിവരങ്ങൾ റഷീദിനു കൈമാറിയതെന്നും കുടുംബസമേതം വാഹനത്തിൽ കൊടിഞ്ഞിയിലെ വീട്ടിലേക്കു പോകുമ്പോൾ മുസ്തഫയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടി യെടുക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. റഷീദിനെ സഹായിക്കാനായി സംഘത്തെ നിയോഗിച്ചതും ദുബായിലുള്ളവരാണ് എന്നാണ് വിവരം.