ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. വരും ദിവസങ്ങളിലും ശൈത്യം കടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലിനീകരണ തോത് ഉയർന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചു. കാഴ്ച മറയ്ക്കുന്ന മൂടല്‍മഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാളെയോടെ കുറഞ്ഞേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്.
മൂടൽ മഞ്ഞ് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനതാവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഏകദേശം 80 വിമാനങ്ങള്‍ വൈകി.നിരവധി ട്രെയിനുകളും മണിക്കൂറുകള്‍ വൈകുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ രാവിലെയും രാത്രിയിലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.