ദില്ലി : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എത്തിയ വിമാനങ്ങളുടെ എണ്ണം 50 കടന്നു. ഇതുവരെ 12,000 പേരെയാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ചത്. ഇന്ന് 16 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്നലെ മാത്രം നാലായിരം പേരാണ് നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ എയര്‍ ഏഷ്യ വിമാനത്തില്‍ 170 പേരുടെ സംഘം ഡല്‍ഹിയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 18 വിമാനങ്ങളിലായി 4000 ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചു. ഇന്നലെ മാത്രം മൂന്നു വിമാനങ്ങളിലായി 513 മലയാളികളെ കേരളത്തില്‍ എത്തിച്ചതായി ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ അറിയിച്ചു.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 48 വിമാനങ്ങളിലായി പതിനായിരത്തോളം ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചത്. റഷ്യന്‍ അതിര്‍ത്തി ഉടന്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പിസോചിനില്‍ നിന്ന് ലിവിവിലേക്ക് ബസ് മാര്‍ഗമാണ് വിദ്യാര്‍ഥികളെ എത്തിക്കാന്‍ തീരുമാനം. സുമിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളോട് ഒപ്പമുണ്ടെന്നും, പരിഹാരം കണ്ടെത്താന്‍ ശ്രമം നടക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു.
അവരെ പുറത്തെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ റഷ്യന്‍ അതിര്‍ത്തിയില്‍ 120 ബസുകള്‍ റഷ്യന്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ യുദ്ധഭൂമിയായതിനാല്‍ ഉക്രൈന്‍ ഭരണകൂടത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ ബോര്‍ഡറില്‍ എത്തിക്കാനാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.