ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു. ബാല്യത്തിൽ തന്നെ നാടക വേദിയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് ആറു പതിറ്റാണ്ടു കാലം സിനിമാലോകത്ത് തിളങ്ങി നിന്ന അപൂർവ പ്രതിഭകളിലൊരാളാണ് കെ.പി.എ.സി ലളിത എന്ന് ഫോറം സ്റ്റേറ്റ് പ്രസിഡന്‍റ് കോയിസ്സൻ ബീരാൻകുട്ടി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം കലാകാരി എന്ന നിലയിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു വേണ്ടി നാടക വേദിയിലൂടെ അഹോരാത്രം പ്രയത്നിച്ചു പ്രസ്ഥാനത്തോടുള്ള തന്‍റെ കൂറിന്‍റെ ഭാഗമായി സ്വന്തം പേരിന്‍റെ കൂടെ ഇടതുപക്ഷ കലാകേന്ദ്രമായ കേരള പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി) എന്ന നാമവും ചേർത്തുവെച്ചാണ് അരങ്ങൊഴിഞ്ഞത്. എന്നാൽ ഇടതുപക്ഷ പാർട്ടികൾ അധികാരത്തിലെത്തിയപ്പോൾ അവർക്ക് അർഹമായ പരിഗണന പോലും നൽകിയില്ല എന്നത് വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണത്തിനും പ്രശസ്തിക്കും വേണ്ടി നെട്ടോട്ടമോടുന്ന ആധുനിക ചലച്ചിത്ര പ്രവർത്തകരുമായി താരതമ്യം ചെയ്യുമ്പോഴാണ് കെ.പി.എ.സി ലളിതയുടെ കലാബോധവും സാമൂഹിക അർപ്പണവും ബോധ്യമാകുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ സൂചിപ്പിച്ചു.
സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, റാഫി ചേളാരി, മുക്താർ ഷൊർണ്ണൂർ, ജംഷീദ് ചുങ്കത്തറ, ഷറഫുദ്ദീൻ പള്ളിക്കൽ ബസാർ, യാഹൂട്ടി തിരുവേഗപ്പുറ, അബ്ദുൽ റഫീഖ് പഴമള്ളൂർ എന്നിവർ സംസാരിച്ചു.