തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ സാമൂഹിക ആഘാത പഠനത്തിന് റവന്യു വകുപ്പ് ഉത്തരവിറക്കി. 272.50 ഏക്കര്‍ ഭൂമിയാണ് ജില്ലയിലെ 4 താലൂക്കുകളിലായി ഏറ്റെടുക്കേണ്ടി വരികയെന്ന് ഉത്തരവില്‍ പറയുന്നു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാകും ഭൂമിയേറ്റെടുക്കല്‍. കൊച്ചിയിലെ ‘ആരോ’ എന്ന സ്ഥാപനത്തെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിരിക്കുന്നത്. ചങ്ങനാശേരി, കോട്ടയം, മീനച്ചില്‍, വൈക്കം താലൂക്കുകളിലെ മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, ഏറ്റുമാനൂര്‍, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂര്‍, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം, കാണക്കാരി, കുറവിലങ്ങാട്, കടുത്തുരുത്തി, മൂളക്കുളം, ഞീഴൂര്‍ വില്ലേജുകളിലാണ് പഠനം നടത്തുക. ഡിപിആര്‍ പ്രകാരം ഈ വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക.