കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനത്തിനുള്ള ചോദ്യാവലി പുറത്തുവന്നു; എന്നാല്‍, സാമൂഹികാഘാതപഠനമെന്ന പേരില്‍ പ്രാഥമിക വിവരശേഖരണത്തിനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കെ-റെയില്‍ വിരുദ്ധ സമരസമിതി ആരോപിക്കുന്നത്. 17 പേജുള്ള വിവരശേഖരണ ചോദ്യാവലിയാണ് പുറത്തുവന്നിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിനായി 14 ജില്ലകളിലും 14 ഏജന്‍സികളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരടക്കമുള്ള ജില്ലകളിലാണ് വിവരശേഖരണം തുടങ്ങിയിരിക്കുന്നത്. ചോദ്യാവലിയുടെ ആദ്യ ഭാഗത്ത് പദ്ധതിബാധിത വസ്തുവില്‍ പദ്ധതി സംബന്ധമായി സ്ഥാപിച്ചിട്ടുള്ള അതിര്‍ത്തിക്കല്ലിന്റെ നമ്പര്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കല്ലിടല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പൊലീസിന്റെ സഹായത്തോടെ കല്ലിട്ട ഇടങ്ങളില്‍ പദ്ധതിബാധിതര്‍ കല്ലു പിഴുതെടുത്ത് പൊതുസ്ഥലത്ത് കൂട്ടിയിട്ട് റീത്തുവയ്ക്കുകയും ചെയ്തുവരുന്നുണ്ട്.
ഭൂവുടമ അതിര്‍ത്തിക്കകത്താണോ അതോ പുറത്താണോ എന്നതാണ് മറ്റൊരു ചോദ്യം. പദ്ധതി കടന്നുപോവുന്ന സര്‍വേനമ്പറുകള്‍ പ്രഖ്യാപിച്ചുവെന്നതല്ലാതെ, ഏതൊക്കെ സ്ഥലമാണ് ഏറ്റെടുക്കുകയെന്ന് ഇതുവരെ തഹസില്‍ദാരോ വില്ലേജ് ഓഫിസറോ പഞ്ചായത്ത് അംഗമോ വീടുകളില്‍ അറിയിച്ചിട്ടില്ല. എത്രസ്ഥലമാണ് ഏറ്റെടുക്കുക, വീട് പൂര്‍ണമായും ഏറ്റെടുക്കുമോ, ഭാഗികമായാണോ വീടും സ്ഥലവും നഷ്ടപ്പെടുക, ബാക്കി നല്‍കുന്ന വീടുംസ്ഥലവും അതുപോലെ നിലനിര്‍ത്തുമോ, അതോ സര്‍ക്കാരിനു കൈമാറുമോ തുടങ്ങിയ ചോദ്യങ്ങളും ചോദ്യാവലിയിലുണ്ട്. എന്നാല്‍ ഏതൊക്കെ കെട്ടിടം ഏറ്റെടുക്കുമെന്നും ഏതൊക്കെ സ്ഥലം ഏറ്റെടുക്കുമെന്നും കൃത്യമായി അറിയിക്കാതെ ഭൂവുടമകള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
* ‘കെ റെയില്‍ കമ്പനി പുതിയ തട്ടിപ്പുമായാണ് രംഗത്തുവന്നിരിക്കുന്നത്. കണ്ണൂരില്‍ കണ്ടങ്കാളിയെന്ന ഗ്രാമത്തില്‍ വിവരശേഖരണമെന്ന പേരില്‍ സര്‍വേ തുടങ്ങി. അവര്‍ നല്‍കിയ ചോദ്യാവലിയില്‍ ഒരു സാമൂഹിക ആഘാത ചോദ്യങ്ങളുമില്ല. വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാല്‍ ബാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന ജനങ്ങളുടെ ചോദ്യത്തിന് സര്‍ക്കാരാണ് ഉത്തരം നല്‍കേണ്ടത്. പൗരപ്രമുഖരുമായുള്ള ചര്‍ച്ചയില്‍ ഈ ചോദ്യത്തിന് കെ റെയില്‍ പ്രതിനിധികളോ മന്ത്രിമാരോ ഉത്തരം നല്‍കിയില്ല. ആശങ്കയകറ്റി മുന്നോട്ടുപോവുമെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്. ജനങ്ങളെ അങ്കലാപ്പിലാക്കി പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇപ്പോഴും നടത്തുന്നത്.’ – എസ്.രാജീവന്‍ (സംസ്ഥാന ജന. കണ്‍വീനര്‍ കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി)