തിരുവനന്തപുരം: നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദേശം നല്‍കി.
അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ കുന്ദമംഗലം മുന്‍ എംഎല്‍എ യുസി രാമനും പരാതി നല്‍കിയിരുന്നു. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയതായി യുസി രാമന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക വഴി നാട്ടില്‍ കലാപങ്ങള്‍ ഉണ്ടാക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് മുന്‍ എംഎല്‍എ ആരോപിച്ചു. കുകുച എന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പില്‍ ഈ പോസ്റ്റ് ഇട്ടത് ആരാണെന്ന് കണ്ടെത്തി രാജ്യത്തെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളോടും സൈബര്‍ സെല്ലിനോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് യുസി രാമന്‍ പറഞ്ഞു.
‘പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മരണം വരെ പോരാടിയ നേതാവാണ് അയ്യങ്കാളി. അദ്ദേഹത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായി പ്രചരിപ്പിക്കുകയാണ് ‘കുകുച’ എന്ന പേസ്ബുക്ക് പേജ് വഴി ചെയ്തിരിക്കുന്നത്. കോബ്ര കൈ എന്ന ഐഡിയില്‍ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മരണപ്പെട്ടുപോയ ഒരു സാമൂഹിക നവോഥാന നായകനെതിരെ ഇത്തരമൊരു പോസ്റ്റിട്ടത് മുഴുവന്‍ സമുദായത്തേയും ഒരു ജനവിഭാഗത്തെയും അവഹേളിക്കുകയും അപമാനിക്കുകയും മതവികാരത്തെ വൃണപ്പെടുത്തുന്നതുമാണ്.’- യുസി രാമന്റെ പരാതിയില്‍ പറയുന്നു.