തിരുവനന്തപുരം : കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക ഇന്ന് പോലീസിൽ നേരിട്ട് പരാതി നൽകും. ബസ്സിൽ വച്ച് ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവർക്കും എതിരെയാണ് പരാതി നൽകുക. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകും വഴി ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പരാതി.
ബാലരാമപുരം പോലീസിന് ഇന്നലെ തന്നെ ഇ മെയിലായി പരാതി അയച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഇന്ന് നേരിട്ട് പരാതി നൽകുന്നത്. ഡ്രൈവർക്കെതിരെ കെഎസ്ആർടിസി മാനേജ്മെന്റിനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു. നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു.