മനാമ: ഭക്ഷണവും വെള്ളവുമില്ലാതെ ബഹ്റൈനിലെ പാര്‍ക്കില്‍ കഴിഞ്ഞുവന്നിരുന്ന ഇന്ത്യക്കാരന് സാമൂഹിക പ്രവര്‍ത്തകര്‍ അഭയമൊരുക്കി. തെലങ്കാന സ്വദേശിയായ രമണ (37) ആണ് കഴിഞ്ഞ 10 ദിവസമായി മനാമയിലെ ഒരു പാര്‍ക്കില്‍ അന്തിയുറങ്ങിയിരുന്നത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്‍ത് ഒരു ലക്ഷം രൂപ വാങ്ങിയ ഏജിന്റ് ചതിച്ചതോടെയാണ് അദ്ദേഹത്തിന്റെ ദുരിതകാലം തുടങ്ങിയത്.
അല്‍ ഹംറ തീയറ്ററിന് അടുത്തുള്ള പാര്‍ക്കില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെയാണ് കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ബഹ്റൈനിലെ സ്റ്റീല്‍ പ്ലാന്റില്‍ ജോലി വാഗ്ദാനം ചെയ്‍താണ് നാട്ടിലെ ഏജന്റ് പണം വാങ്ങിയത്. നല്‍കിയതാവട്ടെ സന്ദര്‍ശക വിസയും. ജോലി റെഡിയാണെന്നും അവിടെയെത്തുമ്പോള്‍ വിസ മാറാമെന്നും ഏജന്റ് പറഞ്ഞ് വിശ്വസിപ്പിച്ചു.
ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രമണയെ മറ്റൊരു ഇന്ത്യക്കാരന്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. ഒരു കാര്‍പ്പെന്ററി ഷോപ്പിലും ലോണ്‍ട്രിയിലും കൊണ്ടുപോയെങ്കിലും രണ്ട് ജോലികളും അധികനാള്‍ നീണ്ടില്ല. ഒരു രൂപ പോലും ശമ്പളമായും ലഭിച്ചില്ല. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നയാളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയതുമില്ല. ജോലിയൊന്നുമില്ലാതെയായതോടെ കിടപ്പാടവും നഷ്ടപ്പെട്ട് തെരുവിലായി.
പിന്നീട് കുറച്ച് ദിവസം തുബ്ലിയില്‍ സ്വന്തം നാട്ടുകാര്‍ നടത്തുന്ന ഒരു റസ്റ്റോറന്റില്‍ താമസിക്കാന്‍ ഇടം ലഭിച്ചു. എന്നാല്‍ അധികനാള്‍ ഭക്ഷണവും താമസ സ്ഥലവും നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. അങ്ങനെയാണ് പാര്‍ക്കില്‍ അഭയം തേടിയത്. കൊടും ചൂടില്‍ ഭക്ഷണത്തിനായി യാചിക്കേണ്ടി വന്നപ്പോഴാണ് ചില സാമൂഹിക പ്രവര്‍ത്തരുടെ ശ്രദ്ധയില്‍പെട്ടത്. അവര്‍ ഏറ്റെടുത്ത് താത്കാലിക അഭയമൊരുക്കിയിട്ടുണ്ട്.
എങ്ങനെയും നാട്ടിലേക്ക് തിരിച്ച് പോകണമെന്നും ഭാര്യയെയും 19ഉം 17ഉം വയസ് പ്രായമുള്ള തന്റെ മക്കളെയും കാണണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. കൈയില്‍ പണമൊന്നുമില്ലാതെ വീട്ടുകാരും ദുരിതത്തിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിലവില്‍ ബഹ്റൈനില്‍ അനധികൃത താമസക്കാരനായതു കൊണ്ടുതന്നെ നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന് താത്കാലിക അഭയമൊരുക്കിയിട്ടുണ്ടെന്ന് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.