പെരുമ്പാവൂർ: ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹം ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ കർണാടക സംസ്ഥാന പ്രസിഡന്റ് കെ.എച്ച് അബ്ദുൽ മജീദ് മൈസൂർ. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്, രാജ്യത്തെ മൂല്യവത്തായ ജനാധിപത്യ തത്വങ്ങൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി എസ്.ഡി.പി.ഐയും രാജ്യത്തെ ജനങ്ങളോട് പറയുന്നത് ഇതു തന്നെയാണ്. ജനാധിപത്യം തകർക്കുന്നതിൽ കഴിഞ്ഞ 10 വർഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പിയാണ് മുഖ്യപ്രതിയെങ്കിലും കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികൾ തുല്യപങ്കാളികളാണ്. മോദി ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല എന്നു മാത്രമല്ല, സർവ മേഖലയിലും തകർച്ച മാത്രമാണുള്ളത്. ലോകസമാധാന സൂചിക, ലോക പട്ടിണി സൂചിക, ലോക ഇലക്ടറൽ ഡമോക്രസി സൂചിക, ലോക മനുഷ്യ വികസന സൂചിക, മാധ്യമ സ്വാതന്ത്ര്യസൂചിക, ലോക ജീവിത നിലവാര സൂചിക എന്നിവയിലെല്ലാം വളരെ പിന്നിലായപ്പോൾ അഴിമതി സൂചികയിൽ മാത്രം മുന്നിലായിരിക്കുന്നു. ജനാധിപത്യത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ച് രാജ്യത്തെ വീണ്ടെടുക്കാൻ പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത്, ജാഥാ വൈസ് ക്യാപ്ടൻ റോയ് അറയ്ക്കൽ, സംസ്ഥാന ട്രഷറർ അഡ്വ. എ.കെ സലാഹുദ്ദീൻ, വിമൻ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ, എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം വി എം ഫൈസൽ, ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ്, ജില്ല സെക്രട്ടറി ബാബു മാത്യു സംസാരിച്ചു.
ജാഥാ വൈസ് ക്യാപ്ടൻ തുളസീധരൻ പള്ളിക്കൽ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുൽ ജബ്ബാർ, ജോൺസൺ കണ്ടച്ചിറ, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ ഇർഷാന, പെരുമ്പാവൂർ നഗരസഭാ കൗൺസിലർ ഷമീന ഷാനവാസ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, ജില്ലാ-മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കളമശ്ശേരിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ പെരുമ്പാവൂരിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തിൽ വാഹന ജാഥയായി ആലുവ മാർക്കറ്റ്, ബാങ്ക് ജങ്ഷൻ, പമ്പ് ജങ്ഷൻ, ചൂണ്ടി, വാക്കുളം, പോഞ്ഞാശ്ശേരി വി പാലക്കാട്ട് താഴം എത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ പെരുമ്പാവൂർ നഗരത്തിലേക്ക് ആനയിച്ചത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 ന് കാസർകോട് ഉപ്പളയിൽ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും പിന്നിട്ട് ശനിയാഴ്ച ഇടുക്കി ജില്ലയിൽ പ്രവേശിക്കും. വൈകീട്ട് മൂന്നിന് രാമക്കൽമേട്ടിൽ നിന്ന് വാഹനജാഥയായി ആരംഭിച്ച് നെടുംകണ്ടത്ത് സമാപിക്കും.