തിരുവനന്തപുരം ∙ സോളർ വിവാദകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും എഡിജിപിയായിരുന്ന എ ഹേമചന്ദ്രനും ഒത്തുകളിച്ചാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പൻ. അറസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നു തിരുവഞ്ചൂർ പറയുന്നത് പച്ചക്കള്ളമാണ്.
ആഭ്യന്തരമന്ത്രി അറിയാതെ എഡിജിപി തന്നെ അറസ്റ്റു ചെയ്യില്ല. അറസ്റ്റ് നടക്കുമ്പോള്‍ വിദേശത്തായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു.ഉമ്മൻ ചാണ്ടിക്ക് അറസ്റ്റ് വിവരം ലഭിച്ചിരുന്നില്ലെന്ന് കെ.സി.ജോസഫ് എംഎൽഎയും വ്യക്തമാക്കിയിട്ടുണ്ടെന്നും ടെനി ജോപ്പൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ജോപ്പന്റെ അറസ്റ്റോടെയാണ് സോളർ കേസിൽ ഉമ്മന് ചാണ്ടി സർക്കാർ പ്രതിരോധത്തിലായത്. സോളർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നു കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.