കൊട്ടാരക്കര∙ സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. അടുത്ത മാസം 18-ന് ഗണേഷ് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിക്കാരിക്കു വീണ്ടും സമന്‍സ് അയയ്ക്കും. ഹര്‍ജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും പരാതിക്കാരിയും ഇന്നു ഹാജരായിരുന്നില്ല.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയതെന്നും നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടി അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്തതാണ് കേസ്.