തിരുവനന്തപുരം: സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും കോടതിയില്‍ ഹാജരാക്കി.
മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, ശാസ്ത്രീയ പരിശോധനയിൽ ഒരു തെളിവ് ലഭിച്ചില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. മന്ത്രി പീഡിപ്പിക്കുന്നത് ഒരു സാക്ഷി വീഡിയോയിൽ പകർത്തിയെന്ന പരാതിക്കാരിയുടെ മൊഴിയും ശരിയല്ലെന്നും സിബിഐ കണ്ടെത്തി. നേരത്തെ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി എന്നുവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്.
വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കും എ പി അനിൽകുമാറിനുമെതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ.
സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍, പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാര്‍ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയത്. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.