കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന വാദം ഉയർത്തി പ്രോസിക്യൂഷൻ. ഇതിനെ എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്നു വിചാരണക്കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണു വിചാരണക്കോടതിയിൽ വാദപ്രതിവാദങ്ങൾ അരങ്ങേറിയത്.
ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിനു ശേഖരിക്കാൻ സാധിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചു. മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകരടങ്ങിയ സംഘം മുംബൈയിലേയ്ക്കു പോയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചതിനു തൊട്ടുപിന്നാലെ പ്രഫഷനലായ ഐടി വിദഗ്ധനെ ഉപയോഗിച്ചു മുംബൈയിലെ ലാബിൽ കൊണ്ടുപോയി തെളിവു നശിപ്പിച്ചു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അതേസമയം, ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസിന്റെ ജാമ്യ ഉപാധികളുടെ ലംഘനമാകും എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോഴും പ്രോസിക്യൂഷനു മുന്നിൽ കോടതി ശക്തമായ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.