ന്യൂയോര്‍ക്ക്: ഇരിക്കാൻ സ്ഥലമില്ല, ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ഗൂഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള്‍ ഉപയോഗിക്കാനും ഗൂഗിൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകൾ അടയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗൂഗിൾ തങ്ങളുടെ ക്ലൗഡ് ജീവനക്കാരോട് സ്‌പെയ്‌സ് പങ്കിടാൻ ആവശ്യപ്പെട്ടതെന്നാണ് സിഎൻബിസി റിപ്പോർട്ട് പറയുന്നത്.
സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്, വാഷിംഗ്ടണിലെ കിർക്ക്‌ലാൻഡിലെ യുഎസ് ഓഫീസുകളിലെ ജീവനക്കാരോടാണ് ഗൂഗിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, കാലിഫോർണിയയിലെ സണ്ണിവെയ്ൽ എന്നിവിടങ്ങളിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നത്.
ക്ലൗഡിന്‍റെ വളർച്ചയിൽ നിക്ഷേപം തുടരാൻ ഇത് സഹായിക്കും.ഗൂഗിൾ തങ്ങളുടെ ചില കെട്ടിടങ്ങൾ ഒഴിയുമെന്നും രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ ഹാജരായാൽ മതിയെന്നാണ് ജീവനക്കാർക്കുള്ള നിർദേശം.
റിപ്പോർട്ട് അനുസരിച്ച്, വ്യക്തിപരമായും വിദൂര ജോലിയും സംയോജിപ്പിക്കുന്ന ഒരു പുതിയ പ്രവർത്തന രീതി ഗൂഗിൾ അവതരിപ്പിച്ചു. അവർ ഈ പുതിയ പ്രവർത്തന രീതിയെ “ക്ലൗഡ് ഓഫീസ് പരിണാമം” അല്ലെങ്കിൽ “CLOE” എന്നാണ് വിളിക്കുന്നത്. പുതിയ ഡെസ്ക് ഷെയറിംഗ് മോഡൽ തങ്ങളുടെ ഇടം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് വഴിയൊരുക്കുമെന്നും കമ്പനി കരുതുന്നു.
ഈ പുതിയ പ്രവർത്തന രീതി ജീവനക്കാർക്കിടയിൽ മികച്ച സഹകരണത്തിന് വഴിയൊരുക്കുമെന്നും ഗൂഗിൾ പറയുന്നു. കാരണം അവർക്ക് ഏറ്റവും അനുയോജ്യമായത് അനുസരിച്ച് ഓഫീസിലോ വീട്ടിലിരുന്നോ ജോലി ചെയ്യാനുള്ള അവസരമുണ്ട്. ഓഫീസ് സ്ഥലം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ഈ പുതിയ പ്രവർത്തനരീതി സഹായിക്കും.