ചൈനയിലെ വുഹാനില്‍ 2019 നവംബറില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി നാളിതു വരെ 440807756 പേരെ ലോകമെങ്ങും ബാധിച്ചതായാണ് കണക്ക്. വിവിധ തരംഗങ്ങളും അഞ്ചോളം ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളും ഇക്കാലയളവില്‍ കൊറോണവൈറസിനുണ്ടായി. ലക്ഷണക്കണക്കിന് പേര്‍ മരണപ്പെട്ടു. ദീര്‍ഘകാല കോവിഡ് മൂലം പലതരത്തിലുള്ള രോഗങ്ങളുമായി ഇന്നും ആശുപത്രികള്‍ കയറിയിറങ്ങി നടക്കുന്ന മനുഷ്യര്‍ നിരവധി. ഇതിനെല്ലാം ഇടയിലും ഇനിയും കോവിഡ് തൊട്ടു തീണ്ടാത്ത ചില മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ടാകും. പല തരംഗങ്ങള്‍ വന്നു പോയിട്ടും സ്വയം കോവിഡ് ബാധിതരാകാതെയും മറ്റുള്ളവര്‍ക്ക് കോവിഡ് പകര്‍ന്നു നല്‍കാതെയും ഇരുന്ന അപൂര്‍വം ചിലര്‍. ഇവര്‍ക്ക് മാത്രം ഇതെങ്ങനെ സാധിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ?
ശരീരത്തില്‍ ഉയര്‍ന്ന തോതിലുള്ള ടി സെല്ലുകള്‍ ഉണ്ടായിരുന്നവര്‍ക്ക് കോവിഡിനെ ഒരു കൈയകലത്തില്‍ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ പ്രതിരോധ സംവിധാനത്തിലെ ഒരു തരം മെമ്മറി കോശങ്ങളാണ് ടി സെല്ലുകള്‍. ജലദോഷ പനി പരത്തുന്ന കൊറോണ വൈറസ് മുന്‍പ് ബാധിച്ചതിനെ തുടര്‍ന്ന് ടി സെല്ലുകള്‍ ശരീരത്തില്‍ ഉണ്ടായവര്‍ക്ക് കോവിഡിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. പല തരത്തിലുള്ള കൊറോണ വൈറസുകള്‍ക്ക് വ്യത്യസ്തമായ സ്വഭാവസവിശേഷതകളാണുള്ളത്. എന്നാല്‍ ചില സമാനതകളും ഇവ പ്രകടിപ്പിക്കുന്നുണ്ട്.
ഈ സമാനതകള്‍ തിരിച്ചറിയാന്‍ പ്രതിരോധ കോശങ്ങള്‍ക്ക് സാധിച്ചതാകും ചിലരെ കോവിഡില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തിയത്. ജനിതകമായ ഘടകങ്ങളും ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഹ്യൂമന്‍ ല്യൂകോസൈറ്റ് ആന്‍റിജന്‍ ജീനുകള്‍ അഥവാ എച്ച്എല്‍എ ജീനുകളുടെ സ്വഭാവം ഒരാളുടെ കോവിഡിനോടുള്ള പ്രതികരണത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു. ഉദാഹരണത്തിന് HLA-DRB1*1302 എന്നൊരു ജീന്‍ ഉള്ളവര്‍ക്ക് കോവിഡിനെതിരെ രോഗലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഇംപീരിയല്‍ കോളജിലെ ഇമ്മ്യൂണോളജി പ്രഫസര്‍ ഡാനി ആള്‍ട്ട്മാന്‍ പറയുന്നു.
പല കാരണങ്ങള്‍ കൊണ്ട് കോവിഡ് ഇതേ വരെയും വരാതിരുന്നവരും വാക്സീനും ബൂസ്റ്റര്‍ ഡോസുകളും എടുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു.
എന്നാല്‍ ചിലര്‍ക്ക് കോവിഡ് ഇതേ വരെ ബാധിക്കാതിരുന്നത് ഇത് വരെയും പരിശോധന നടത്തി നോക്കാത്തത് കൊണ്ട് കൂടിയാകാം എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വരുന്ന രോഗികള്‍ പലരും പരിശോധന കൃത്യമായി നടത്തിയിട്ടുണ്ടാകില്ല. കോവിഡ് വരാത്തവരെയും രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വന്നവരെയും രണ്ട് വിഭാഗമായി തന്നെ കണക്കാക്കണമെന്ന് ഗവേഷകര്‍ പറയുന്നു. കാരണം ആദ്യ വിഭാഗത്തിലുള്ളവരില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം വിഭാഗത്തില്‍പ്പെടുന്നവര്‍ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശേഷിയുള്ളവരാണ്.