കേരളത്തിൽ തക്കാളി പനി റിപ്പോർട്ട് ചെയ്തുവരികയാണ്. എന്താണ് തക്കാളി പനിഎന്നറിയപ്പെടുന്നത്? HFMD അഥവാ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് ആണ് തക്കാളി പനി. ഇത് വൈറസ് കൊണ്ട് ഉണ്ടാകുന്ന രോഗമാണ്. കോക്സാകി വൈറസ് എ 16 ആണ് രോഗം പടർത്തുന്നത്. ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്.
രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് , നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ തുടുത്തു വരും. ഈ കുമിളകളുടെ നിറം സാധാരണയായി ചുവപ്പാണ്, അതിനാൽ ആണ് ഇതിനെ തക്കാളി പനി എന്ന് വിളിക്കുന്നത്.
മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.
‘സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുന്നത്, എന്നാൽ 12 വയസും 14 വയസും പ്രായമുള്ള കുട്ടികളിൽ പോലും ഈ രോഗം ബാധിക്കുന്നു…’- പ്രമുഖ ശിശുരോഗ വിദഗ്ധനും എഐപിഎച്ച് സർവകലാശാലയിലെ സ്കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് ഡീനുമായ ഡോ അരിജിത് മൊഹപത്ര പറഞ്ഞു.