ലോകത്തെ ആകെ തന്നെ ഞെട്ടിച്ചിരിക്കയാണ് തുർക്കിയിലെയും സിറിയയിലെയും ഭൂചലനം. മരണം മുപ്പതിനായിരത്തിലധികം കടന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങൾക്ക് ഉണ്ടായിരുന്ന കിടപ്പാടം അടക്കം സകലതും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അതിനൊപ്പം തന്നെ അവിടെ നിന്നുള്ള രക്ഷാപ്രവർത്തനങ്ങളുടെ വാർത്തയും ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്.
അതിനിടയിൽ ഒരു 20 -കാരൻ വാട്ട്സാപ്പിന്റെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടു. ഇസ്താംബൂളിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ബോറൻ കുബാത്ത്. ഫെബ്രുവരി 6 -ന് രണ്ട് രാജ്യങ്ങളുടെയും അതിർത്തിയിൽ മാരകമായ ഭൂകമ്പം ഉണ്ടായിരുന്ന സമയത്ത് മലത്യയിലെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു അവൻ. ഭൂകമ്പത്തെ തുടർന്ന് കെട്ടിടം തകർന്നു വീഴവെ കുബാത്തും അമ്മയും മുത്തശ്ശിയും രണ്ട് അമ്മാവന്മാരും രണ്ടാമത്തെ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
കുബാത്ത് കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും വീഡിയോ എടുത്തു. പിന്നീട് അത് വാട്ട്സാപ്പിൽ ഷെയർ ചെയ്തു. അതിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന കുബാത്തിനെ കാണാം. ആരെങ്കിലും രക്ഷപ്പെടുത്തും എന്ന വിശ്വാസത്തിലാണ് കുബാത്ത് തന്റെ ലൊക്കേഷൻ ഷെയർ ചെയ്തത്. ഈ വാട്ട്സാപ്പ് സ്റ്റാറ്റസ് ആരെങ്കിലും കാണുകയാണ് എങ്കിൽ ഒന്ന് വന്ന് സഹായിക്കൂ എന്നായിരുന്നു കുബാത്ത് എഴുതിയിരുന്നത്. ദയവായി ഞങ്ങളെ വന്ന് രക്ഷിക്കൂ എന്നും കുബാത്ത് എഴുതി.
തന്റെ അമ്മയുടെ അവസ്ഥ നല്ലതാണ് എന്നും എന്നാൽ അമ്മാവന്മാരുടെ അവസ്ഥ എന്താണ് എന്ന് അറിയില്ല എന്നും കുബാത്ത് പറഞ്ഞു. അഞ്ചോ ആറോ മണിക്കൂറുകൾക്ക് ശേഷം കുബാത്തിനെ രക്ഷപ്പെടുത്തി. വീഡിയോ കാണുമ്പോൾ സുഹൃത്തുക്കൾ ആരെങ്കിലും വരുമെന്നും എത്തി രക്ഷിക്കുമെന്നും കരുതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് കുബാത്ത് പറയുന്നു. അമ്മയേയും രക്ഷിച്ചു. ഒരു അമ്മാവനെ രക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊരു അമ്മാവനും മുത്തശ്ശിയും ഇപ്പോഴും അവശിഷ്ടങ്ങളുടെ ഇടയിൽ തന്നെയാണ് എന്നും കുബാത്ത് പറഞ്ഞു.
ഇപ്പോഴും ഭൂകമ്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നും സഹായം എത്തുന്നുണ്ട്.