കൊല്ലം: ചവറ തെക്കുംഭാഗത്ത് പ്രായമായ അമ്മയെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
84 വയസ്സുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനും മർദനമേറ്റു. അയൽവാസിയായ ഒരു വിദ്യാർഥിയാണ് ക്രൂരമായ മർദനത്തിന്റെ ദൃശ്യം പകർത്തിയത്. നേരത്തെയും സമാനമായ രീതിയിൽ ഇയാൾ അമ്മയെ മർദിക്കാറുണ്ടായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മകനെതിരെ മൊഴി നൽകാൻ അമ്മ തയ്യാറായിട്ടില്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.