വൈക്കം : മദ്യലഹരിയില്‍ മകന് അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വീടിനു മുന്നിലെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി. സംഭവംകണ്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അവരെ യുവാവ് അരിവാള്‍ വീശി വിരട്ടിയോടിച്ചു. തുടര്‍ന്ന് കൂടുതല്‍ പേരെത്തി യുവാവിനെ കീഴ്പ്പെടുത്തി അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈക്കപ്രയാര്‍ കണിയാംതറ താഴ്ച വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിക്കാണ് (76) ദാരുണാന്ത്യം. സംഭവത്തില്‍ മകന് ബൈജുവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവത്തിന്റെ തുടക്കം. അമ്മയെ ബൈജു ആദ്യം ചെടിച്ചട്ടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് വീടിനു സമീപത്തെ തോട്ടിലേക്കു തള്ളിയിട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച മന്ദാകിനിയെ തോട്ടിലേക്കു ചവിട്ടിത്താഴ്ത്തി. സമീപത്തെ പുരയിടത്തില്‍ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ വീശിയതോടെ പിന്മാറേണ്ടി വന്നു.
ഈ സമയം, സമീപത്തു താമസിക്കുന്ന ബൈജുവിന്റെ സഹോദരന് ബിജു കൂടുതല്‍ പേരെ വിവരം അറിയിച്ചു. എല്ലാവരും ചേര്‍ന്ന് മന്ദാകിനിയെ കരയ്ക്കെത്തിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസിനെ വിവരമറിയിച്ചെങ്കിലും ഇവര്‍ എത്താനും ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കാനും വൈകിയതായി നാട്ടുകാര്‍ പറയുന്നു.
ബൈജു മദ്യപിച്ചു ബഹളമുണ്ടാക്കുന്നത് പതിവു സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. തടിപ്പണിക്കാരനായ ഇയാള്‍ അവിവാഹിതനാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംസ്കാരം പിന്നീട്.