തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ചിറയിൻകീഴിൽ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പടനിലം സ്വദേശി ഗോപകുമാറിനാണ് ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടു വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹന്‍റേതാണ് ഉത്തരവ്. 2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ മകൻ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയെ തെളിവുകളുടെയും അയൽവാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.