ഭുവനേശ്വർ : മദ്യപിച്ച് ശല്യം ചെയ്തതിന് പിതാവ് വെയിലത്ത് കെട്ടിയിട്ട മകൻ മരിച്ചു. ഒഡിഷയിലെ മസിനബില ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 60കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. മസിനബില്ല ഗ്രാമത്തിലെ പനുവ നായിക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ വീട്ടിൽ പതിവായി ശല്യമുണ്ടാക്കിയ മകൻ സുമന്തയുടെ കൈകാലുകൾ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത്നിർത്തുകയായിരുന്നു. കെട്ടിയിട്ട ശേഷം ഇയാൾ ജോലിക്ക് പോയി.
പൊരിവെയിലിൽ കിടന്ന് മൂന്ന് മണിക്കൂറിന് ശേഷം സുമന്ത മരിച്ചെന്ന് ഘടഗാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തപൻ കുമാർ ജെന പറഞ്ഞു. വഴിയോര ഭക്ഷണശാല നടത്തുന്നയാളാണ് പ്രതിയായ പനുവ. സുമന്തയ്ക്ക് ജോലിയില്ലായിരുന്നു. താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും മകൻ പതിവായി മദ്യപിച്ച് ശല്യം ചെയ്യുന്നയാളാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.