ന്യൂഡൽഹി: ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഴ്സനല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഹരിയാന സര്‍ക്കാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും സൊനാലി ഫൊഗട്ടിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരുന്നു. സൊനാലിയെ കൊലപ്പെടുത്തിയത് സഹായിയായ സുധീര്‍ സാങ്‍വാനാണെന്ന് സമ്മതിച്ചതായി ഗോവ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സാങ്‍വാനു പുറമേ മറ്റൊരു സഹായി സുഖ്‍വീന്ദര്‍ സിങ് അടക്കം 5 പേരെ അറസ്റ്റു ചെയ്തിരുന്നു.
ഹരിയാനയിലെ ഹിസാർ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ റിസോർട്ടിലെ പാർട്ടിക്കിടെ ഓഗസ്റ്റ് 23 നാണു മരിച്ചനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നത്. പോസ്റ്റ്‌മോർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു.