ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരാകും. നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂൺ എട്ടിന് നോട്ടീസ് നൽകിയപ്പോൾ സോണിയക്ക് കോവിഡ് ബാധിച്ചു. തുടർന്ന് ജൂൺ 23ന് നൽകിയപ്പോൾ, കോവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി അവർ വീട്ടിൽ വിശ്രമത്തിലായിരുന്നു.
എന്നാൽ, നാലാഴ്ചക്കുശേഷം ഹാജരാകാമെന്ന് അന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നൽകിയത്. അതേസമയം, സോണിയ ഇ.ഡിക്കു മുന്നിൽ ഹാജരാകുന്ന സമയം പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
നേരത്തെ, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോഴും കോൺഗ്രസ് പ്രവർത്തകർ ഇ.ഡി ഓഫിസിനു മുന്നിലും വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികമാണ് ഇ.ഡി ഇതേ കേസിൽ രാഹുലിനെ ചോദ്യം ചെയ്തത്.