ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ വിദ്വേഷ പ്രസംഗം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണെന്ന് ഷാ പറഞ്ഞു. റായ്ബറേലിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ വിദഗ്ധരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറെക്കാലമായി സോണിയ മത്സരിച്ചിരുന്ന റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധിയാണ് ജനവിധി തേടുന്നത്. അടുത്തിടെ സോണിയ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈമാസം 20ന് അഞ്ചാംഘട്ടത്തിലാണ് റായ്ബറേലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
‘വർഷങ്ങളോളം നിങ്ങൾ ഗാന്ധി കുടുംബത്തിന് അവസരം നൽകി. എന്നാൽ, ഒരു വികസനപ്രവർത്തനവും നടന്നില്ല. അവർ വികസന പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നില്ല. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവർ കൂട്ടിനെത്തിയില്ല. റായ്ബറേലിയെ നമ്മൾ മോദിയുടെ വികസനയാത്രയുമായി ബന്ധിപ്പിക്കും’ -അമിത് ഷാ പറഞ്ഞു.
‘രാജകുമാരൻ (രാഹുൽ ഗാന്ധി) ഇവിടെ വോട്ട് ചോദിച്ചുവന്നിരുന്നു. നിങ്ങൾ ഒരുപാട് കാലമായി അവർക്കു വോട്ട് ചെയ്യുന്നുണ്ട്. എം.പി ഫണ്ടിൽനിന്ന് നിങ്ങൾക്ക് എന്തെങ്കിലും കിട്ടിയോ? ഇല്ലെങ്കിൽ എങ്ങോട്ടാണ് അതു പോകുന്നത്? അവരുടെ വോട്ട് ബാങ്കിലേക്കാണ് അതു പോകുന്നത്. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലധികവും ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണു ചെലവഴിച്ചത്’ -ഷാ കൂട്ടിച്ചേർത്തു.
ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ വിദഗ്ധരാണ്. എല്ലാ സ്ത്രീകൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് അവരുടെ വാഗ്ദാനം. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സ്ത്രീകൾക്കും 15,000 രൂപ നൽകുമെന്നായിരുന്നു അവർ പറഞ്ഞത്. അവിടുത്തെ സ്ത്രീകൾ കോൺഗ്രസിനെ തെരഞ്ഞെടുത്ത ശേഷം 15,000 രൂപ പോയിട്ട് 1,500 രൂപ പോലും നൽകിയിട്ടില്ലെന്നും ഷാ ആരോപിച്ചു.
പ്രതാപ്ഗഢിലും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഷാ പങ്കെടുത്തു. പാകിസ്താന്‍റെ അണുബോംബ് കണ്ട് രാഹുൽ ഗാന്ധിക്ക് പേടിക്കാം, എന്നാൽ ബി.ജെ.പി പേടിക്കില്ല, പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേതാണ്, ഞങ്ങൾ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താന്‍റെ കൈവശം അണുബോംബ് ഉണ്ടെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പരാമർശം സൂചിപ്പിച്ചായിരുന്നു ഷായുടെ പ്രതികരണം.












