തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസ്സാക്കി. കെപിസിസി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ, കെ മുരളീധരൻ, എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവർ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുത്ത ആദ്യ ജനറൽ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്. 282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗത്തില്‍ പാസ്സാക്കിയത്. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്‍റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ പക്ഷവും തമ്മിൽ സമവായത്തിന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കൾ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കൾക്ക് ഉണ്ട്. അതേസമയം ജോഡോ യാത്ര നടക്കുന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.
അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കടന്പാട്ടുകോണത്തു വച്ച് കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവര്‍ത്തകർ നൽകിയത്.