ദില്ലി : കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ദില്ലി ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവിൽ സോണിയ. സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത കുറിപ്പിറക്കിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യല്‍ ഭയന്ന് ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പിറക്കിയത്.
കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകൾ തുടരുകയാണെന്നും പാർട്ടി നേരത്തെ അറിയിച്ചിരുന്നു. രണ്ടാമതും കൊവിഡ് പൊസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്താണ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചത്.